കവികള്‍


എന്‍. കുമാരാനാശാന്‍ (1873-1924)

പാശ്ചാത്യവും പൌരസ്ത്യവുമായ സാഹിത്യ സമ്പര്‍ക്കത്താല്‍ നവീനമായ കാവ്യശൈലിയും വീക്ഷണവും സൌന്ദര്യ ദര്‍ശനവും സ്വായത്തമാക്കി മലയാള കവിതയില്‍ ശുക്രനക്ഷത്രമായി ഉദിച്ചുയര്‍ന്ന അപൂര്‍വ്വ പ്രതിഭയാണ് ശ്രീ എന്‍. കുമാരനാശാന്‍.ആശാന്റെ സമകാലികരായ കവികള്‍ നിയോക്ലാസിസ്സത്തിന്റെ സിദ്ധാന്തങ്ങളിലാകൃഷ്ട രായി, സാഹിത്യ ത്തിന്റെ പൂര്‍വ്വകാലപ്രഭാവത്തില്‍ വ്യാമുഗ്ധരായി മഹാകാവ്യരചനയിലും സമസ്യാപൂരണ വിനോദങ്ങളിലും ഏര്‍പ്പെട്ടപ്പോള്‍ ആശാന്‍ നവീനവും ധീരവുമായ ഒരു കാവ്യ രചനാ പന്ഥാവ് ഉല്‍ഘാടനം ചെയ്തു.തന്റെ പ്രധാനകാവ്യങ്ങളെല്ലാം ഖണ്ഡകാവ്യ മാതൃകയിലാണ്
അദ്ദേഹം രചിച്ചത്.മിതവാക്കും സാരഭാഷിയുമായ കവിയ്ക്ക് ഏറ്റവും ഉചിതമായ കാവ്യ മാതൃകയായിരുന്നു അത്.
മലയാള കവിതയ്ക്ക് പുതുമ നിറഞ്ഞ അനുഭവം നല്കിക്കൊണ്ട് 1908 ലാണ് 'വീണപൂവ്' 'എന്ന പ്രശസ്ത കാവ്യം പ്രസിദ്ധീകൃതമാവുന്നത്.വീണപൂവ് പുറത്തിറങ്ങി പതിനാറു വര്‍ഷങ്ങള്‍ക്കിടയിലാണ് കുമാരനാശാന്റെ എല്ലാ കവിതകളും രൂപം കൊണ്ടത്. അമ്പത്തിയൊന്നാമത്തെ വയസ്സില്‍ ഒരു ബോട്ടപകടത്തില്‍ ആകസ്മിക മരണമടയുന്നതു വരെ അദ്ദേഹംകൈരളീസേവതുടര്‍ന്നുകൊണ്ടിരുന്നു.
നളിനി, ലീല, ഗ്രാമവൃക്ഷത്തിലെ കുയില്‍, പ്രരോദനം, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ എന്നീ കാവ്യങ്ങളും Light of Asiaഎന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയായ ശ്രീബുദ്ധ ചരിതം(അപൂര്‍ണ്ണം)പുഷ്പവാടി, മണിമാല, വനമാല,എന്നീ കൃതികളില്‍ സമാഹരിച്ചിട്ടുള്ള കവിതകളുമാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍. സംസ്കൃത നാടക വിവര്‍ത്തനങ്ങള്‍ ,സ്വതന്ത്ര നാടകങ്ങള്‍ ബാല രാമായണം, സ്തോത്ര കൃതികള്‍ കൂടിയാവുമ്പോള്‍ ആശാന്റെ കൃതികളുടെ പട്ടിക പൂര്‍ത്തിയാവും.
ആശാന് ഒട്ടേറെ വിശേഷങ്ങള്‍ നാം നല്‍കാറുണ്ട്. സ്നേഹഗായകന്‍, കാല്പനിക കവി, ആശയഗംഭിരന്‍, ഭാവഗായകന്‍, ജാതീയമായ ഉച്ചനീചത്വത്തിനെതിരെ പോരാടിയ വിപ്ലവകാരി, തത്ത്വചിന്തകന്‍ എന്നിങ്ങനെ,, ആശാന്‍കവിതകളെല്ലാം സ്നേഹത്തിന്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുന്നവയാണ്. നളിനി, ലീലദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി, കരുണ തുടങ്ങിയ കാവ്യങ്ങളെല്ലാം സ്നേഹദീപികയുടെ പതാകകളാണ്. വ്യക്തിപ്രേമത്തെ വിശ്വപ്രേമമാക്കി വളര്‍ത്തുന്ന രാസവിദ്യയാണ് ഈ കവിതകളില്‍ കാണുക. അതുപോലെ ഗഹനങ്ങളായ ജീവിത തത്ത്വങ്ങളെ കാവ്യ വിഷയത്തിനനുഗുണമായി പ്രകാശിപ്പിക്കുന്നതിലു ആശാനുള്ള കഴിവ് അപാരമാണ്.ജാതീയമായ വേര്‍തിരിവുകളാല്‍ ജീവിതം ദുസ്സഹമായിരുന്ന കാലഘട്ടത്തില്‍ ജാതിചിന്തയുടെ മുനയൊടിക്കുന്ന ദുരവസ്ഥ, ചണ്ഡാല ഭിക്ഷുകി തുടങ്ങിയകവിതകളുമായി അദ്ദേഹം രംഗത്തെത്തി. സ്ത്രീയുടെ അസ്വാതന്ത്ര്യത്തയും മാനസിക സംഘര്‍ഷങ്ങളേയും പ്രകാശിപ്പിക്കുവാനും അദ്ദേഹത്തിനു സാധിച്ചു.കാല്പനികത(romanticism) എന്ന പുതിയ കാവ്യ പന്ഥാവ് പരിചയപ്പെടുത്തി മലയാളത്തിന് പുതു വെളിച്ചം തെളിയിച്ചതും ആശാന്‍ തന്നെ. വികാര നിര്‍ഭരത, വിഷാദാത്മകത, സൗന്ദര്യതൃഷ്ണ, സ്വാതന്ത്ര്യ വാ‍ഞ്ഛ, ഭാവനാധാരാളിത്തം, പ്രകൃതിപ്രേമം, ആത്മനിഷ്ഠത, തുടങ്ങി തികഞ്ഞ റൊമാന്റിക്കിന്റെ സഹജ ഭാവങ്ങള്‍ പ്രകാശിപ്പിക്കുന്നവയാണ് ആശാന്റെ എല്ലാ കാവ്യങ്ങളും .
വള്ളത്തോള്‍